Tuesday, August 12, 2008

രാമായണം ഇനി മൊബൈൽ ഫോണിലും


കുറച്ച് നാളു മുൻപ് നോവലും കഥയുമെല്ലാം വായിക്കാൻ സമയമില്ലാത്തവർക്കായി അത് റെക്കോഡ് ചെയ്ത് സി ഡി യിലാക്കി ലഭ്യമാക്കിയിരുന്നു. ശ്രീ സി. രാധാകൃഷ്ണൻ ന്റെ നോവലാണ് ഇത്തരത്തിൽ മലയാളത്തിൽ തയാറാക്കിയതെന്നാണെന്റെ ഓർമ്മ.

എന്നാൽ ഇപ്പോൽ ഇതാദ്യമായി ശ്രീ പി. ആർ. ഹരികുമാർ മൊബൈൽ ഫോണിനു വേണ്ടി മലയാളത്തിൽ ഒരു നോവൽ പുറത്തിറക്കി - നീലക്കണ്ണുകൾ . കോമ്പാറ്റിബിൾ ആയ ഫോണുകളിലേയ്ക്ക് അത് ഡൌൺലോഡ് ചെയ്യുകയും യാത്രാവേളകളീലെ ഒഴിവുസമയങ്ങളിൽ അത് സൌകര്യപൂർവ്വം വായിക്കുകയുമാവാം. അതുപോലെ തന്നെ ഇതാദ്യമായി അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) മൊബൈൽ വെർഷനായും ശ്രീ ഹരികുമാർ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ തമിഴിലെ തിരുക്കുറലും ഇതുപോലെ മൊബൈൽ ഫോണിനു വേണ്ടി അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഇതു കൂടാതെ സൂം ഇന്ത്യ എന്ന പേരിൽ ഒരു ഫോൺ മാഗസീനും അദ്ദേഹത്തിന്റെതായുണ്ട്. പോക്കറ്റ് ഫിലിം എന്ന ആശയം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചതും അദ്ദേഹമാണ്.

മലയാളത്തിൽ ധാരാളം കഥകളും കവിതകളും, സാഹിത്യ വിമർശനങ്ങളും എഴുതിയിട്ടുള്ള ശ്രീ ഹരികുമാർ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്വദേശിയാണ്. കാലടി സംസ്കൃതകോളേജിലെ ലക്ചറർ ആയ ശ്രീ ഹരികുമാർ ഇപ്പോൾ പെരുമ്പാവൂരിലാണ് താമസം.
രാമായണത്തിന്റെ ടെക്സ്റ്റ് ഫോമിനായുള്ള അന്വേഷണത്തിനിടെയാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ ഞാനെത്തിയത്.

[പുതിയ ബ്ലോഗറായതുകൊണ്ട് ഈ വിവരങ്ങൾ നേരത്തെ മറ്റ് ആരെങ്കിലും ബ്ലോഗിൽ ഇട്ടീട്ടൂണ്ടോയെന്നെനിക്കറിയില്ല ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക]


നീലക്കണ്ണുകൾ ഇവിടെ നിന്നും, അദ്ധ്യാത്മരാമായണം ഇവിടെ നിന്നും തിരുക്കുറൾ ഇവിടെ നിന്നും, സൂം ഇന്ത്യ ഇവിടെ നിന്നും ഡൌൺ ലോഡ് ചെയ്യാം.


ഈ വിവരങ്ങൾ നിങ്ങൾക്കും പ്രയോജനപ്പെടുമെന്നു കരുതുന്നു.


ഇതിലെ ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ശ്രീ ഹരികുമാറിന്റെ വെബ്സൈറ്റ്

Friday, August 8, 2008

തൂക്കണാം കുരുവി



എന്റെ മനസ്സിന്റെ തുഞ്ചത്തു ഞാനൊരു കൂടു കൂട്ടി
വർണ്ണ നൂലുകൾ കൊണ്ട് നെയ്തൊരു കൂടു കൂട്ടി
കൂടിന്റെ വാതുക്കൽ സ്വപ്നങ്ങൾ കണ്ടു ഞാൻ കാത്തിരുന്നു
ദൂരെ നിന്നും ഒരാൺകുരുവി എൻ സ്വപ്നങ്ങൾ പങ്കിടാൻ പറന്നെത്തി

വേനലിൽ, മഞ്ഞിൽ, മഴയിലെല്ലാം അവൻ ചിറകിന്റെയുള്ളിൽ
എന്നെ പൊതിഞ്ഞിരുന്നു. കാണാത്ത ലോകങ്ങൾ കാട്ടിത്തന്നു
മുട്ടയിട്ടു പിന്നെ കുഞ്ഞുങ്ങൾ കൂട്ടിൽ തത്തിക്കളിച്ചു
സ്നേഹവും ഈണവും പാട്ടുമായി ഞങ്ങൾ കാലം കുറെ പിന്നിട്ടു

തീറ്റ തേടി ആൺ കിളി ദൂരെ ദൂരെ പറന്നുപോയി
ഓരൊ നാളും സ്വപ്നവുമായി ഞാൻ കൂടിന്റെയോരത്ത് തപസ്സ് ചെയ്തു
തീറ്റയുമായി കൊക്കിൽ സ്നേഹവുമായവൻ പറന്നു വന്നു
കൊതി തീരെ ഞങ്ങളെയൂട്ടിയിട്ടവൻ വീണ്ടും തീറ്റയ്ക്കയി പറന്നുപോയി

ഒരുനാളൊരുനാൾ അശനിപാതം പോലൊരു കൊടുങ്കാറ്റായവൾ പാഞ്ഞു വന്നു
ആ കാറ്റിലീ കുഞ്ഞു കൂടാകെ ആടിയുലഞ്ഞു പോയി
പിന്നെ ഞാനറിഞ്ഞു എന്നാൺകിളിയാ കാറ്റിൽ ലയിച്ചുപോയി
തീറ്റയുമില്ല കൊക്കിൻ ചൂടുമില്ല കാലം തലകീഴായ് മറിഞ്ഞു പോയി

കലപില കൂട്ടിയ കൂടിന്നുള്ളിന്നു മൌനത്താൽ തേങ്ങുന്ന കുടീരമായി
ദുഖത്തിൽ മുങ്ങിയ കൂടിന്നുള്ളിൽ ഇന്നു വെട്ടവുമില്ല വെളിച്ചവുമില്ല
മരണത്തിൻ ഗന്ധമതെയുള്ളു ഇന്ന് മരണത്തിൻ ഗന്ധമതെയുള്ളൂ
കുഞ്ഞിക്കിളികളും പാട്ടു നിർത്തി അവരെന്നേയും നോക്കിയിരിപ്പായി

എന്നുമെൻ കിളിയുടെ പാട്ടിനായ് കാതോർത്ത് കൂടിനുള്ളിൽ തപസ്സാണ്
ഞാനീ കൂടിനുള്ളിൽ തപസ്സാണ്.
ഊണുമില്ല ഉറക്കവുമില്ല പാട്ടുകൾ കലപില ഒന്നുമില്ലാ
ആടിയുലയുമീ കൂടിന്റെ വാതുക്കൽ ദൂരെയ്ക്ക് കണ്ണുമായ് തപസ്സാണ്

ആൺ കിളി വീണ്ടും വരുമെന്നും പഴയ പാട്ടുകൾ പാടിയുറക്കുമെന്നും
ആശിച്ചു ഞാനീ തപസ്സു തുടരുന്നു എന്നുമെൻ കിളിവാതിൽക്കൽ
ഒരുനാളവൻ തിരികെയെത്തും പഴയ പാട്ടുമായ് വീണ്ടും തിരികെയെത്തും
ആ നല്ല നാളിനായ് കാത്തിരിപ്പൂ ഞാനുമെൻ പൊന്മക്കളുമായ്.

ചിത്രം-കടപ്പാട് : ഗൂഗിൾ സെർച്ച്

Thursday, August 7, 2008

ഹസ്ബന്ഡിനെ “ബന്ദി”യാക്കണോ?




Husbonde അല്ലെങ്കിൽ husbondi
hus എന്നാൽ house , bondi എന്നാൽ free holder ഇതൊക്കെയാണ് ഈ വാക്കിന്റെ അർത്ഥങ്ങളിൽ ചിലത്.

തന്റെ പുരുഷൻ (ഭർത്താവ്) തന്റേതു മാത്രമായിരിക്കണം എന്നതാണ് ഉത്തമയായ ഏതൊരു ഭാര്യയുടെയും ആഗ്രഹം. പക്ഷെ എന്നു കരുതി ഭർത്താവിന് അദ്ദേഹത്തിന്റെതായ സ്വാതന്ത്യം നൽകാതിരിക്കണൊ അഥവാ നൽകിയാൽ ആ സ്വാതന്ത്ര്യം അദ്ദേഹം എത്രത്തോളം ദുരുപയോഗം ചെയ്യുന്നു എന്നു മനസ്സിലാക്കേണ്ടതും ഭാര്യയുടെ ധർമ്മത്തിൽ ട്ടതല്ലെ?.

ഈയിടെയായി പത്രവാർത്തകൾ കാണുമ്പോൾ ചിലതിലെങ്കിലും മുകളിൽ പറഞ്ഞ ദുരുപയോഗം ധാരാളം കാണുന്നു. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളും ഇലക്ട്രോണിക്, ഇന്റർനെറ്റ് മീഡിയകളൂടെ വളർച്ചയും മനുഷ്യന്റെ ചിന്താഗതികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്റർനെറ്റിലെ സോഷ്യൽ സൈറ്റിലൂടെ ലഭിക്കുന്ന സുഹൃദ്ബന്ധങ്ങൾ സ്ക്രാപ്പിനും ചാറ്റിനും അപ്പുറം സമൂഹം കൽ‌പ്പിക്കുന്നതിലുമപ്പുറത്തേയ്ക്ക് വളരുമ്പോൾ തൊട്ടടുത്തിരിക്കുന്ന ഭാര്യയ്ക്കു പോലും
ആ പൾസ് അറിയാൻ കഴിയാതെ വരുമ്പോൾ ആണ് ബന്ധങ്ങൾ അകലുന്നത്. തൊട്ടടുത്തില്ലാത്തവരുടെ കാര്യം പറയുകയും വേണ്ട. തങ്ങളുടെ ഭർത്താക്കന്മാർ അതിരുവിട്ട് കമ്പ്യൂട്ടറിനു മുന്നിൽ സമയം ചിലവഴിക്കുമ്പോൽ തീർച്ചയായും ഒരു കണ്ണു വേണം. അദ്ദേഹത്തിന്റെ മറുപുറത്തെ വ്യക്തി ആരാണെന്ന് അറിയാനുള്ള സ്വാതന്ത്ര്യം ഭാര്യ എന്ന നിലയിൽ നമുക്കുണ്ടായിരിക്കണ്ടേ?. അതുപോലെ അവരുടെ സംഭാഷണം (ചാറ്റ് /സ്ക്രാപ്) എന്താണെന്നറിയാനുള്ള അവകാശവും. സൌഹൃദം ആരോഗ്യപരമായ ഒന്നാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഭാര്യ
അറിയുന്നതു കൊണ്ട് എന്തു കുഴപ്പമാണുള്ളത്?.

ദൃഡമായ ദമ്പത്യബന്ധത്തിലെ ഏറ്റവും മുഖ്യമായ ഘടകം പരസ്പര വിശ്വാസവും സ്നേഹവുമാണ്. ഇതു രണ്ടും പ്രകടനവും പ്രഹസനവും ആവാതെ പരസ്പരം തുറന്ന മനസ്സോടെ കാര്യങ്ങൾ പങ്കുവയ്ക്കാൻ തയാറായാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും എന്നു കരുതുന്നു.
പുരുഷന്മാരെ മാത്രം കുറ്റം പറയുന്നില്ല. മറിച്ച് നമ്മൾ സ്ത്രീകളും ഇക്കാര്യത്തിൽ ബോധവതികളാവണ്ടേ?. സ്വന്തം ഭർത്താവ് അടുത്തുണ്ടെങ്കിലും വിദേശത്താണെങ്കിലും സോഷ്യൻ നെറ്റ്വർക്ക് സൈറ്റുകളിലൂടെ കിട്ടുന്ന സുഹൃത്തുക്കളുമായി അമിതമായി അടുക്കുന്ന ധാരാളം
സ്ത്രീകളുണ്ട്. ഇത്തരം ബന്ധങ്ങൾ പരിധികടക്കാതിരിക്കാൻ നാമും ശ്രദ്ധിക്കണം. വെറും ചാറ്റിൽ നിന്നും വളർന്ന് ബെഡ് റൂമോളം എത്തുന്ന കഥകൾ പത്രത്തിലും വാരികകളിലും വായിച്ചിട്ടുണ്ട്. തുടക്കത്തിൽ ചേച്ചീന്നും അനിയത്തീന്നും വിളിച്ച് ഒടുവിൽ നമ്മുടെ സ്വകാര്യതകളീലേയ്ക്ക് ഊളിയിട്ടിറങ്ങുന്ന സൌഹൃദം തിരിച്ചറിഞ്ഞ് തടയിടാൻ കഴിയണം.

ചാറ്റ് ബന്ധങ്ങൾ കുടുംബ ബന്ധങ്ങൾക്കൊരിക്കലും പാരയാകാതെ നോക്കണം പുരുഷനും സ്ത്രീയും.
നിങ്ങളൂടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.

ചിത്രം:കടപ്പാട് ഗൂഗിൾ സെർച്ച്